Apr 23, 2012

പ്രതികാരം

                   ഓടി, പരന്നുകിടക്കുന്ന വയലും ചതുപ്പും കടന്ന് ഏതൊക്കെയോ ഊടുവഴികളിലൂടെ ഓടി.  ചളിയിൽ പുതഞ്ഞു പോയ കാല് വലിച്ചൂരിയെടുത്തപ്പോഴെക്കും വലതുകാലിലെ ചെരിപ്പിനെ   ചതുപ്പ് വിഴുങ്ങിയിരുന്നു.  തെളിഞ്ഞ നിലാവിൽ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴൊക്കെ നിഴലുകൾ പിറകെ ഓടി വരുന്നതായി തോന്നി. ഇടത് കാലിലെ ചെരിപ്പ് കുടഞ്ഞെറിഞ്ഞ് പിന്നെയും ഓടി. ഹൃദയം ഒരു പൂച്ചയുടേതിനേക്കാൾ വേഗത്തില് മിടിക്കുന്നുണ്ട്, ഞാൻ ഇപ്പൊൾ മരിച്ചു പോകുമെന്ന് തോന്നി. ഇല്ല , പിടികൊടുക്കുന്നെങ്കിൽ മരണത്തിനു മാത്രം, പിറകെ വരുന്നവർക്കില്ല.

                   ഉത്സവപ്പറമ്പിലെ ഉച്ചഭാഷിണിയുടെ ശബ്ദം ഇപ്പൊഴും ചെറുതായി കേൾക്കാം, അത് കാതിൽ നിന്നു മറയുന്നത് വരെ ഓട്ടം തുടർന്നു.  മുള്ളുരഞ്ഞ് ദേഹത്താകമാനം നീറ്റുന്നുണ്ട്. കാലിൽ കല്ലു കൊണ്ട് മുറിഞ്ഞ ഇടങ്ങളില് ചോര പൊടിയുന്നുണ്ടെന്ന് തോന്നുന്നു. കുത്താനുപയോഗിച്ച ലോഹക്കഷ്ണം ഇപ്പൊഴും കയ്യിലുണ്ട്. അത് കാട്ടിലേക്ക് വലിച്ചെറിഞ്ഞു . ഭയത്തിനിടയിലും ഉള്ളിൽ എവിടെയോ ഒരു ചിരി വിരിഞ്ഞു .

                ഇരുളിനെ ഭയമായിരുന്നു. സന്ധ്യമയങ്ങിക്കഴിഞ്ഞാല് അമ്മയുടെ കൈ പിടിക്കാതെ വീട്ടുമുറ്റത്ത് ഇറങ്ങാറില്ല. പാതിനിലാവിൽ , കാറ്റേറ്റ് അനങ്ങിയ വാഴക്കൈകളും , രാവ് പുലരുവോളം ഉം.. ഉം.. ന്ന് മൂളിക്കൊണ്ടിരുന്ന കാലൻകോഴികളും നാലാംക്ലാസുകാരന്റെ ഉറക്കം കെടുത്തിയ രാത്രികൾ പലതാണ്. ഇന്ന് അച്ഛ്ന്റെ വിരൽത്തുമ്പിൽ തൂങ്ങിയാണ് ഉത്സവം കാണാനിറങ്ങിയതും.  പക്ഷെ ഉത്സവപ്പറമ്പില് നിന്നും ഇരുളിലേക്കൂളിയിട്ടോടുമ്പോള് ഇതൊന്നും മനസിലില്ലായിരുന്നു , രക്ഷപ്പെടണം അത്രമാത്രം. ലക്ഷ്യബോധമില്ലാതെ ഓടി.

                               കാലുകൾക്ക് വഴിയറിയാം , ഓടിയെത്തിയത് വീടിന്റെ പിന്നാമ്പുറത്താണ്. ശബ്ദം കേൾപ്പിക്കാതെ ,കിണറിൽ നിന്നും വെള്ളം കോരി കാലും കയ്യും കഴുകി, കാലിൽ നിന്ന് ഇപ്പൊഴും ചോരയൊലിക്കുന്നുണ്ട്. വിയർപ്പിൽ കുതിർന്ന ഷർട്ടൂരിയെടുത്ത് തോളത്തിട്ടു. അമ്മ ഉറക്കമായിരിക്കും. മുൻവാതിൽ ചാരിയിട്ടെ ഉള്ളൂ എങ്കില് മെല്ലെ തുറന്ന് അകത്ത് കയറണം. തള്ളി നോക്കി, അടച്ചിട്ടിരിക്കയാണ്.  വിളിച്ചെഴുന്നേല്പിച്ചപ്പോള് വാതിൽ തുറന്നു പുറത്തേക്ക് വന്ന അമ്മ എന്നെ തനിച്ച് കണ്ട് അത്ഭുതപ്പെട്ടു.

"അച്ഛനെവിടേടാ?"

"ഒറക്കം വന്നപ്പൊ, ഞാൻ പോന്നു."

"തനിച്ചോ!?"

"അപ്പുറത്തെ പ്രമോദേട്ടനുണ്ടായിരുന്നു."

            നേരെപ്പോയി കട്ടിലിലേക്ക് വീണു. പുതപ്പെടുത്ത് ദേഹമാസകലം മൂടി. ഭാഗ്യത്തിന്  അമ്മയൊന്നും ശ്രദ്ധിച്ചിട്ടില്ല.


                  ഉറക്കം വന്നില്ല. വല്ലാതെ ദാഹിക്കുന്നുണ്ട്. ഉറക്കം നടിച്ച് കിടക്കുകയാണ്, ഇപ്പൊ എന്തായാലും എഴുന്നേല്ക്കാൻ വയ്യ. അൽപ്പനേരം കഴിഞ്ഞപ്പൊ അച്ഛൻ വരുന്ന ശബ്ദം കേട്ടു.

"കുട്ടൻ വന്നോ?"

"അവൻ നേരത്തെ വന്നല്ലൊ.."

"എന്നോടൊന്ന് പറഞ്ഞിട്ട് വന്നൂടെ അവന്, ഞാൻ എവിടെയെല്ലാം നോക്കി"

"അവൻ ഉറക്കം വന്നപ്പൊ അപ്പുറത്തെ പ്രമോദിന്റെ കൂടെയിങ്ങ് പോന്നു."

"ഉത്സവത്തിന്റെ എടയില് ഏതൊ ഒരു പയ്യൻ ബലൂൺ വിൽക്കാൻ വന്ന ഒരുത്തന്റെ ബലൂണെല്ലാം മൊട്ട്സൂചി വച്ച് കുത്തിപ്പൊട്ടിച്ചൂത്രെ, അയാളും ഒപ്പമുണ്ടായിരുന്ന രണ്ട് മൂന്ന് പേരും പിടിക്കാൻ പെറകെയോടി, ആകെ ബഹളായിരുന്നു. ഇവനെയാണെങ്കില് കാണാനും ഇല്ല, ഞാനാകെ വെഷമിച്ച് പോയി "


                       എന്നെക്കുറിച്ചാണ് പറയുന്നത്, പ്രതി ഞാനാണെന്നാരും അറിഞ്ഞിട്ടില്ല. സമാധാനം.
                വെറുതെ ചെയ്തതല്ല. ഏറെക്കാലത്തെ സമ്പാദ്യമായിരുന്ന ഒരൻപത് രൂപയും കയ്യിലെടുത്താണു വീട്ടിൽ നിന്ന് ഇറങ്ങിയത്, വിഷുവിനു കൈനീട്ടം കിട്ടിയതും മിഠായി പോലും മേടിക്കാതെ മിച്ചം വെച്ചതും പെടും ആ അൻപത് രൂപയില്. ആദ്യമൊരു ബലൂണുകാരന്റെ അടുത്ത് ചെന്ന് ബലൂണ് മേടിച്ചു. അൻപത് രൂപയാണ് കൊടുത്തതെന്നോർത്തില്ല, ബാക്കി അയാള് തന്നതുമില്ല. ബലൂണും കയ്യിലെടുത്ത് നടന്നു. അൽപ്പദൂരം ചെന്നപ്പൊ കൊടുത്ത കാശിനെപ്പറ്റി ബോധം വന്നു. തിരിച്ച് ചെന്നു ചോദിച്ചപ്പൊ , ഞാൻ കൊടുത്തത് മൂന്നു രൂപ തന്നെയാണെന്ന് അയാള്, അൻപത് രൂപ കൊടുത്തതിന് ഒരു തെളിവും ഇല്ല. കള്ളൻ സമ്മതിച്ചു തരുന്നും ഇല്ല.  കിടന്ന് കരയാനല്ലാതെ വേറൊന്നും വയ്യ.
        അയാൾ അല്പം ദൂരേക്ക് മാറിയപ്പോള്, പെട്ടെന്നു തോന്നിയ ആവേശത്തിന് , കീശയിൽ കിടന്ന മൊട്ടുസൂചിയെടുത്ത് ഒന്നൊഴിയാതെ  ബലൂണെല്ലാം പൊട്ടിച്ചു, വിൽപ്പനക്കാരൻ അടുത്തെത്തും മുമ്പ് എന്റെ കാലുകള് ഉത്സവപ്പറമ്പ് താണ്ടിയിരുന്നു.


           

12 comments:

  1. അനുഭവം കൊള്ളാമല്ലോ.

    എന്തായാലും പ്രതികാരം നന്നായി.
    :)

    ReplyDelete
    Replies
    1. നന്ദി , ഇനിയും വരണം

      Delete
  2. കൊള്ളാം രസകരമാണ് .
    സന്ധ്യമയങ്ങിക്കഴിഞ്ഞാല് അമ്മയുടെ കൈ പിടിക്കാതെ വീട്ടുമുറ്റത്ത് ഇറങ്ങാറില്ല...ഇന്ന് അച്ഛ്ന്റെ വിരൽത്തുമ്പിൽ തൂങ്ങിയാണ് ഉത്സവം കാണാനിറങ്ങിയതും....ഈ രണ്ടു വരികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഉദ്വേഗം കുറെക്കൂടി നില നിര്തമായിരുന്നു

    ReplyDelete
    Replies
    1. നല്ല നിർദ്ദേങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു, ഇനിയും വരിക

      Delete
  3. അനുഭവം കൊള്ളാം.

    പക്ഷേ ഇത്രേം വലിയ പ്രതികാരം വേണമായിരുന്നോ?

    ReplyDelete
    Replies
    1. കുറഞ്ഞു പോയോന്നാ എനിക്ക് സംശയം

      Delete
  4. പാവം ബലൂണുകാരൻ ആയാൾക്ക് കണ്ണിനു കാഴ്ച്ചകുറവാണ`.പണ്ട് ഉൽസവപറമ്പിൽ കച്ചവടം നട്ത്തമ്പോൾ പടകം തെറിച്ച് അപകടം വന്നതാണ`.മാത്രമല്ല മൂന്നു പറക്കമുറ്റാത്ത കുട്ടികൾ,ആസ്ത്മ രോഗിയായ ഭാര്യ.കിടപ്പിലായ അമ്മ .ജീവിതം വഴിമുട്ട്മ്പോൾ അറിയുന്ന ജോലി ബുദ്ധിമുട്ടി എടുക്കുന്നു.രാഹുലെ അയാൾ അറിഞ്ഞുകൊണ്ട് ഒരു ഉറുമ്പിനെപ്പോലും നോവിക്കാറില്ല

    ReplyDelete
    Replies
    1. അങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടോ... :)

      Delete
  5. ഒരു കൊല ലൈക്‌

    ReplyDelete
  6. അമ്പടാ...അപ്പോ നീയാ അന്നെന്റെ ബലൂണ്‍ മുഴുവന്‍ പൊട്ടിച്ചത് അല്ലേ? പലിശയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ത്ത് രൂഫാ 50000 ഇപ്പൊത്തന്നെ അയച്ചേക്കണം

    ReplyDelete
  7. hahah rahule kalakki. Njan aadyam pedichu poyi ninakkentha pattye nnu. Valla paniyo mattoo??? Avasaanam manasilayi okke ente oru thonnal aayrunnu nnu

    ReplyDelete