Jul 24, 2015

ഉറുമ്പ് യുദ്ധം : ദ ബിഗിനിംഗ്

അലാറം ചതിച്ചു!
അല്ലേൽ അങ്ങനെ പറയണ്ട. അലാറം സമയത്തിനടിച്ചതാണ്, കുറച്ച് നേരം കൂടി ഉറങ്ങാം എന്ന് തീരുമാനിച്ചത് ഞാൻ തന്നെയാണ്. ജീവിതത്തിൽ ആകെ പാലിക്കുന്ന കൃത്യനിഷ്ഠ എട്ട് മണിക്കൂർ ഉറക്കത്തിൽ മാത്രമാണ്.
കണ്ണ് തുറന്ന് നോക്കിയപ്പോൾ സമയം ഒമ്പതര!
പത്ത് മണിക്ക് ആപ്പീസിൽ ഒരു ചെറിയേ ക്ലൈന്റ് മീറ്റിംഗ് ഉണ്ട്.
പല്ലുതേക്കൽ നാളേക്ക് മാറ്റി വച്ച് ബാത്ത് റൂമിൽ ചാടിക്കേറി മറ്റ് പ്രാഥമിക കൃത്യങ്ങൾ പത്ത് മിനുട്ട് കൊണ്ട് നിർവ്വഹിച്ചു. അയയിൽ കിടന്ന അടിവസ്ത്രവും കളസവും ഷർട്ടും വലിച്ചു കേറ്റി ഇട്ട് പഴഞ്ചൻ പൾസർ ബൈക്കിൽ ചാടിക്കേറി ഞാനങ്ങനെ ഓഫീസിലേക്ക് പുറപ്പെട്ടപ്പോൾ സമയം ഒമ്പതേ അമ്പത് . ലിഫ്റ്റിൽ കേറാതെ പത്ത് നൂറ് പടി മുഴുവൻ ഈപ്പച്ചൻ ഒറ്റയ്ക്ക് ചാടിക്കേറി മീറ്റിംഗ് റൂമിലെത്തിയപ്പോൾ ടീം ലീഡ് പറയുവാ യൂ ആർ ലേറ്റ് ന്ന്.
മീറ്റിംഗ് തുടങ്ങി.
  അപ്പുറത്തേ തലയ്ക്ക് ഫോണിൽ സായിപ്പ് അഴകൊഴ കൊഴാ ന്ന് എന്തൊക്കെയോ പറയുന്നുണ്ട് . ഉറക്കം വരാതിരിക്കാൻ ഞാൻ ഉച്ചയ്ക്ക് എന്ത് കഴിക്കണം, രാത്രി സിനിമയ്ക്ക് പോയാലോ തുടങ്ങിയ ചിന്തകളിൽ നിമഗ്നനായി സഗൗരവം കുത്തിയിരുന്നു. അതിനിടയിൽ ആരോ രാവിലെ കഴിച്ചത് ഉരുളക്കിഴങ്ങും ചപ്പാത്തിയും ആണെന്ന് നിശബ്ദമായി പ്രഖ്യാപിച്ചു. ചിലരൊക്കെ മൂക്ക് തടവി. സായിപ്പ് പിന്നേം ചെലച്ചോണ്ടിരുന്നു. ഞാൻ പിന്നേം ചിന്താ നഗ്നനായി.
പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി. അസ്ഥാനത്ത് ആരോ കടിച്ചു. വല്ലാത്ത പുകച്ചിലും എരിച്ചിലും. അൽപ്പസമയത്തിനുള്ളിൽ ആ വേദനിക്കുന്ന സത്യം എനിക്ക് ബോധ്യമായി.
ജെട്ടിയിൽ ഉറുമ്പുണ്ട്!

ഒന്നല്ല രണ്ടല്ല പലത് . അവർ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നു. ഞാൻ സീറ്റിലിരുന്ന് ഞെളിപിരി കൊണ്ടു. ഇടയ്ക്ക് 'അമ്മേ' ന്ന് സൗണ്ടുണ്ടാക്കിയോ എന്ന്  എനിക് ക് ഓർമയില്ല.
എല്ലാരുടേയും ശ്രദ്ധ പെട്ടെന്ന് എന്റെ നേരെയായി.
ടീം ലീഡ് ജോസഫ് സാമുവൽ എന്നെ നോക്കി പുച്ഛത്തോടെ
" ഈഫ് യൂ ഹാവ് എമർജൻസി യൂ കാൻ ഗോ,
പ്രോബബ്ലി യൂ ഹാവ് നോട്ട് ഗെറ്റ് എനി ടൈം ഫോർ തിംഗ്സ് " എന്ന് മൊഴിഞ്ഞു .
അപ്പുറത്തിരുന്ന സുശീലൻ 'പോയി വെളിക്കിരിടേയ് ' എന്ന ഭാവത്തോടെ എന്നെ നോക്കി.
ഹിന്ദിക്കാരി ജാഡ മൽഹോത്രയുടെ മുഖത്ത് ഒരു ലോഡ് പുച്ഛവും അവജ്ഞയും.
അതിന്റിടയിൽ സായിപ്പിന് 'വാട്ട് ഈസ് ഹാപ്പനിംഗ് ദേർ ' എന്ന് അറിയണം. തന്റെ അപ്പൻ വയറിളകി ചത്തു, പതിനാറടിയന്തിരത്തിന് ബിരിയാണി മതിയോന്ന് ഡിസ്കസ് ചെയ്യുവാണെന്ന് പറയണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒന്നും പറയാതെ തലയും കുനിച്ച് അടുത്ത ജന്മത്തിൽ ഞാൻ ഒരു ഉറുമ്പ് തീനിയായി ജനിക്കണേന്ന് സ്വയം ശപിച്ച് ഞാൻ മീറ്റിംഗ് ഹാളിൽ നിന്ന് അപമാനിതനായി ഇറങ്ങി വന്നു.

രാത്രി റൂമിലെത്തിയതിനു ശേഷം ഞാൻ സ്ഥിതിഗതികൾ കൂലങ്കഷമായി പരിശോധിച്ചു. റൂമിനു കുറുകെ കെട്ടിയിരിക്കുന്ന അയ ഉറുമ്പുകൾ കൊച്ചി മെട്രോ ആയി ഉപയോഗിക്കുകയാണ് , ഇടപ്പള്ളി വഴി ആലുവ വരെ എളൂപ്പത്തിൽ എത്താം. കടവന്ത്ര സ്റ്റേഷനിലാണ് എന്റെ ജെട്ടി കിടന്നിരുന്നത് !


(തൊടരുമായിരിക്കും..)

12 comments:

  1. കഥ നന്നായി ആശംസകൾ

    ReplyDelete
    Replies
    1. നന്ദി, തുടർന്നു ° വായിക്കുക

      Delete
  2. തലക്കെട്ട് കണ്ടപ്പോ കരുതിയത് ANT-MAN എന്ന പുതിയ സൂപ്പർ ഹീറോ സിനിമയുടെ വിശകലനം ആവും എന്നാണ്. ഇത് Ant vs Man ആയിരുന്നു അല്ലേ?!

    ReplyDelete
    Replies
    1. നുമ്മ സാദാ മനുഷ്യരുടെ പച്ചയായ ജീവിതം മാത്രേ എഴുതാറുള്ളൂ
      ;)

      Delete
  3. സമയക്രമങ്ങള്‍ പാലിക്കൂ എന്ന് മാത്രമേ പറയാനുള്ളു.
    (ഉറുമ്പിനോടാണേ..)

    ReplyDelete
    Replies
    1. അജിത്തേട്ടാ, ചിട്ടയായ ജീവിതം നയിക്കണമെന്നും അന്യരുടെ സ്വകാര്യ വിഷയങ്ങളിൽ ഇടപെടരുതെന്നുമാണു ഉറുമ്പുകൾ നമുക്ക്‌ പകർന്നു തരുന്ന് പാഠം
      :)

      Delete
  4. Athra pora. Ennamul adjust cheyyam ;)

    ReplyDelete
  5. "രാത്രി റൂമിലെത്തിയതിനു ശേഷം ഞാൻ സ്ഥിതിഗതികൾ കൂലങ്കഷമായി പരിശോധിച്ചു. റൂമിനു കുറുകെ കെട്ടിയിരിക്കുന്ന അയ ഉറുമ്പുകൾ കൊച്ചി മെട്രോ ആയി ഉപയോഗിക്കുകയാണ് , ഇടപ്പള്ളി വഴി ആലുവ വരെ എളൂപ്പത്തിൽ എത്താം. കടവന്ത്ര സ്റ്റേഷനിലാണ് എന്റെ ജെട്ടി കിടന്നിരുന്നത് !" ഇത് ജോറായി...! ആശംസകള്‍.

    ReplyDelete