Apr 8, 2016

വേനൽ

വേനലിൻ കല്ലടുപ്പിന്മേൽ ഭൂമി തിളയ്ക്കുന്നു.
ഒരുച്ചയൂണിൻ ആലസ്യത്തിൻ പുറത്തേക്ക്
അല്പം തണുത്തൊരാ നാരങ്ങ വെള്ളവും
കോരിയൊഴിച്ച് ഹോട്ടലിൻ പടിയിറങ്ങി ഞാൻ.
നാലുചാൽ നടപ്പിനപ്പുറം മുന്നിലേക്ക്
ഒട്ടിയവയറിന്മേലെല്ലിൻ കൂട്ടിലൊട്ടിച്ചോരിരു
കുഞ്ഞുകൈകൾ നീട്ടിയൊരുവൻ,
വാടിയ മുഖത്താ കണ്ണുകൾ പാതിയടഞ്ഞിട്ടുണ്ട്
വരണ്ട ചുണ്ടനക്കിയിട്ടെന്തോ പറയുന്നുണ്ട്
നീരു വറ്റിയൊരാ തൊണ്ടയിൽ നിന്നൊരൊച്ചയും
കേൾക്ക വയ്യ , ഇത്തിരി ഞരക്കം മാത്രം.
പഴ്സിനുള്ളിലെ മുഷിഞ്ഞ പത്ത് രൂപാ നോട്ട്
അഴുക്ക് പിടിച്ച കയ്യിൽ വാങ്ങിയിട്ടവൻ നടന്നകലവേ
ഉഷ്ണമെൻ ഉള്ളിലേക്കു ചേക്കേറി
കണ്ണിൽ വിയർപ്പ് പൊടിഞ്ഞു.

No comments:

Post a Comment