Aug 30, 2012

ഫിധി

          ഒരു ബസ് ഡ്രൈവർ ആകണം എന്നായിരുന്നു എന്റെ ചെറുപ്പകാലത്തെ ആഗ്രഹം. പക്ഷേ ഒരു സോഫ്റ്റ്വെയർ പ്രാണി ആവാനായിരുന്നു വിധി. വളരെയധികം ചിന്തിച്ച് , ബുദ്ധിപൂർവ്വം നടത്തുന്ന മണ്ടൻ തീരുമാനത്തിനുള്ള ന്യായീകരണമാണു വിധി.
           അങ്ങനെയൊക്കെ ആണെങ്കിൽ കൂടി, ചില യാദൃശ്ചികതകളെ അതിശയോക്തിപൂർവ്വം വിശേഷിപ്പിക്കാൻ വിധിയെക്കഴിച്ചേ മലയാളത്തിൽ വേറെ വാക്കുള്ളൂ..
              മുനീറും ഞാനും മെയിൻ ദോസ്ത്തുക്കളായിരുന്നു. അഞ്ച് തൊട്ട് ഏഴ് വരെ ഒരേ ബെഞ്ചിൽ അടുത്തടുത്തായിരുന്നു ഇരിപ്പ്. ലോകകാര്യങ്ങളേക്കുറിച്ചുള്ള കൂലങ്കുഷമായ ചർച്ചകൾക്കിടയിൽ അൽപ്പനേരം മാത്രമേ  അധ്യാപകവിഭാഗത്തിന്റെ കൊച്ചുവർത്തമാനങ്ങൾക്ക് ചെവി കൊടുക്കാൻ പറ്റിയിരുന്നുള്ളൂ എന്നത് കൊണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്കും ക്ലാസ്സിൽ ഉയർന്ന സ്ഥാനവും ഞങ്ങൾ മുടങ്ങാതെ വാങ്ങിക്കൊണ്ടിരുന്നു.
 മുനീറിനു  ഇംഗ്ലീഷെന്നു കേട്ടാൽ കലിയായിരുന്നു, പക്ഷെ ഞാൻ അതിൽ ഒരു പുലിയും.
"ഐ ആം  നെയിം ഈസ് എ രാഹുൽ"
"യൂ ഇസ് മുനീർ"
                പറഞ്ഞു കഴിഞ്ഞ് മുനീറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ, അവൻ അന്തം വിട്ട് പണ്ടാരമടങ്ങി വായും പിളർന്ന് എന്നെത്തന്നെ നോക്കി നിൽപ്പുണ്ടാവും.
      അത് കഴിഞ്ഞൊരു വിളിയും "എടാ ഭയങ്കരാ.."
      ഞാൻ ഒടുക്കത്തെ പവറിൽ ,മസിലും പിടിച്ച് , ഇതൊക്കെ എന്ത് എന്ന് എക്സ്പ്രഷൻ വരത്തക്ക വിധത്തിൽ ഇടത് ചിരി ഒരു വശത്തേക്ക് ചെരിച്ച് അങ്ങനെ ഇരിക്കും.
             ഉച്ച കഴിഞ്ഞ് ഒന്നാമത്തെ പിരീഡ് , ഇംഗ്ലീഷെടുക്കുന്ന മൈക്കിൾ മാഷ് ക്ലാസ്സിലേക്ക് കേറി വന്നു. അഞ്ച് മിനിട്ട് കഴിഞ്ഞു.
        എവിടുന്നാണെന്നറിയില്ല, ഇഷ്ടംപോലെ ലഡുവും ചോക്ക്ലേറ്റും. ഞാൻ പെറുക്കി പെറുക്കി കീശയിലിട്ടു. പോക്കറ്റ് നിറഞ്ഞപ്പോൾ ബാക്കിയുള്ളത് ബാഗിലിടാമെന്നു കരുതി,പക്ഷേ  ബാഗ് കാണാനില്ല!.
        "മുനീർ" എന്നൊരു വിളിയും കേട്ടു, തൊട്ടടുത്തിരുന്ന മുനീർ ചാടിയെഴുന്നേൽക്കുന്നതും അറിഞ്ഞു. കീശ തപ്പി നോക്കി. ലഡു അവിടെയില്ല!. ഒന്നും രണ്ടും തവണയല്ല,  സ്ഥിരം ഇതാണേർപ്പാട്. അടുത്ത തവണ ഒന്നു നേരെയെടുത്ത് വായിലേക്കിടണം.
         മുനീറും ഉറക്കപ്പിച്ചിലാണ്.
"ബോർഡിലെഴുതിയിരിക്കുന്നത് വായിക്ക്"
അള്ളാ കുടുങ്ങി അവൻ പറഞ്ഞില്ലെങ്കിൽ അടുത്തത് ഞാനാണു. ഒരു മയോം ഇല്ലാത്ത നുള്ളാണ് മാഷിന്റെത്.

കണ്ണു തിരുമ്മി ബോർഡിലേക്ക് നോക്കി.
"M U T T O N"
കൊള്ളാം , സംഗതി സിമ്പിളാണ്.

"എതിരാളിക്കൊരു പോരാളി
തുണയായുള്ളൊരു തേരാളി"
നൻപൻ ഡാ..

മുനീറിനു മാത്രം കേൾക്കാൻ പാകത്തിൽ ഉത്തരം മന്ത്രിച്ചു.
മുനീർ എന്നെ കൃതജ്ഞതയോടെ നോക്കി,
 എന്നിട്ട് ഉത്തരം വിളിച്ച് പറഞ്ഞു,
"മു ട്ട ൻ"

      അന്നത്തെ ദിവസത്തിനു ശേഷം മുനീർ മുട്ടൻ മുനീറും മുട്ടനാട് മുനീറും ഒക്കെയായി. ഇംഗ്ലീഷിനേക്കാൾ വെറുപ്പ് ആടിനോടായി.  (മ്മളെക്കൊണ്ട് ഇത്രയേ ചെയ്യാനൊക്കുള്ളൂ.)


                 പത്താം ക്ലാസ്സിൽ മലയാളം രണ്ടാം പാഠപുസ്തകം പാത്തുമ്മേടെ ആട്,               പഠിപ്പിക്കുന്നതിനിടയിൽ 'പാത്തുമ്മേടെ ആട് മുട്ടനാടാണോ' ന്ന് സംശയം ചോദിച്ച രതീഷിന്റെ പുറം കടപ്പുറമാക്കി, സ്ഫടികത്തിൽ കയ്യിൽ കോമ്പസ്സ് കുത്തിയിറക്കി നാട് വിട്ട  ലാലേട്ടനെപ്പോലെ,  മുനീർ സ്കൂള് വിട്ടു.
            വർഷങ്ങൾക്കിപ്പുറം, മുനീറിനെ പിന്നേം കണ്ടു. എന്താ ഇപ്പോ പരിപാടീന്നു ഞാൻ ചോദിച്ചു. ആട് ഫാം നടത്തുന്നുണ്ടെന്ന് അവൻ പറഞ്ഞു
മുട്ടനാടാണോന്നു ഞാൻ ചോദിച്ചു. അവൻ വെറുതെ ചിരിച്ചു.

           സത്യത്തിൽ പറഞ്ഞ് വന്നത് ഇതൊന്നുമല്ല.
         ഡ്രൈവിങ്ങ് പഠിക്കണമെന്ന മോഹവുമായി ഞാൻ ചെന്നു പെട്ടത്, നാരാണേട്ടന്റെ ഡ്രൈവിങ്ങ് സ്കൂളിലായിരുന്നു.ഒന്നാം ദിവസം , സെക്കന്റിൽ നിന്നു തേർഡിലേക്ക് ഗിയറിടാൻ ശ്രമിച്ച എന്റെ മുഖത്ത് നോക്കി 
'നിനിക്ക് വീട്ടിൽ കൊണ്ട് പോവാൻ വേറെ തെരാം, അത് എളക്കിപ്പോരിക്കണ്ടാ' ന്നു പറഞ്ഞ് അപമാനിച്ചതിലുള്ള പകയും മനസ്സിൽ വെച്ചായിരുന്നു അന്നു ഓഫീസിലേക്കുള്ള യാത്ര.
           'ഡ്രൈവിങ്ങ് ഡ്രൈവിങ്ങ് '- ഒരൊറ്റ ചിന്ത മാത്രം മനസ്സിൽ.
         മൂന്നാം നിലയിൽ ലിഫ്റ്റിറങ്ങി, വരാന്ത ശൂന്യം. 
        ഞാൻ ഫസ്റ്റിൽ ഇട്ട് വണ്ടിയെടുത്തു, മെല്ലെ സെക്കന്റിലേക്കും പിന്നെ തേർഡിലേക്കും ഇട്ടു. ഇനിയൊരു വളവാണു, ഗിയർ ഡൗൺ ചെയ്ത് സെക്കന്റിൽ ഇട്ടു, സ്റ്റിയറിങ്ങ് നന്നായി തിരിച്ചു,
         മുന്നിൽ രണ്ട് തരുണീമണികൾ, തമ്മിൽ നോക്കി ചിരിച്ച് കൊണ്ട് എന്നെ കടന്ന് നീങ്ങി ,ഞാൻ ബ്രേക്ക്ഡൗണായി അവിടെ നിന്നു.
ശുഭം.





14 comments:

  1. മുട്ടന്‍ ചിരി
    മട്ടണ്‍ ചിരി

    ReplyDelete
  2. ഹിഹിഹി ന്നിട്ടു ഡ്രൈവിങ് പഠിച്ചോ??

    ReplyDelete
  3. പഠിച്ചു വരുന്നു

    ReplyDelete
  4. കലക്കീട്ടാ.....മൈക്കില്‍ മാഷെ ടാഗട്ടെ...?

    ReplyDelete
    Replies
    1. മാഷ്ടെ നുള്ള് കിട്ടും...

      Delete
  5. da nannayittund da pidicho oru neelan likeeeeee

    ReplyDelete
  6. പ്രിയപ്പെട്ട രാഹുല്‍,

    രസകരം, ഈ ഓര്‍മ പുതുക്കല്‍. എന്റെ ഡ്രൈവിംഗ് ക്ലാസ്സുകള്‍ സംഭവബഹുലമായിരുന്നു. ഒരിക്കലും അതിനെക്കുറിച്ച് എഴുതിയിട്ടില്ല.

    പിന്നെയെന്തേ ഒന്നും എഴുതാഞ്ഞത്?

    സസ്നേഹം,

    അനു
    --

    ReplyDelete
  7. മുട്ടനും, പാത്തുമ്മയുടെ ആടും, സെക്കന്റ്‌ ഗീയറും...
    വളരെ രസകരമായി ഈ കുറിപ്പ്‌.

    ReplyDelete
  8. കൊള്ളാല്ലോ ഗഡീ..തകര്‍ത്തിട്ടുണ്ട് ട്ടാ....

    ReplyDelete
  9. ഒരു മയോം ഇല്ലാത്ത നുള്ളാണ് മാഷിന്റെത്.... ippo ale pidi kitti

    ReplyDelete