Aug 5, 2012

പടുമരം

ആറുവർഷങ്ങൾക്കിപ്പുറവും സ്മൃതിപഥങ്ങളിൽ ആ കാൽപ്പാട് മായാതെ നിൽക്കുന്നു. രാത്രിയുടെ അവസാനത്തെ മണിക്കൂറുകൾ , മുറിഞ്ഞുപോയ സ്വപ്നം കിതയ്ക്കുന്നു. ഏത് ലഹരിക്കും മറയ്ക്കാൻ കഴിയാതെ, സിഗരറ്റിന്റെ പുകച്ചുരുളുകളിൽ അവളുടെ മുഖം വീണ്ടും തെളിയുന്നു. ഒഴുകിപ്പരക്കുന്ന ഓർമ്മകളെ , ചാലുകീറി, മറവിയുടെ കടലോട് ചേർത്തതാണ്, തിരകൾ പിന്നെയും കാലിൽ തടയുന്നു.
മാപ്പ്.

സുബഹി ബാങ്ക് മുഴങ്ങി.
 ഇബ്രാഹിമിക്കയുടെ ചായക്കലത്തിൽ വെള്ളം തിളച്ചുതുടങ്ങിക്കാണും.
ദ്രവിച്ച മരപ്പടികൾ ചവിട്ടി താഴേക്കിങ്ങി, കാലുകൾ നേരാംവണ്ണം നിലത്തുറയ്ക്കുന്നില്ല.
കടയിൽ ആളുകൂടിത്തുടങ്ങുന്നതേയുള്ളൂ, സൂര്യനുണരും മുൻപ് ഉണരുന്നവർ, ഉറങ്ങിയാലും ഉറക്കമില്ലാത്തവർ. ഇനി അന്തിയാവോളം, ഇവിടെനിന്നൊരിറക്ക് തേയില വെള്ളം കുടിച്ചെങ്കിൽ , അവർക്ക് അത് മാത്രമേ വയറിന്റെ കത്തലടക്കാൻ ഉള്ളിൽ കാണൂ.മനസ്സിന്റെ കത്തലിൽ ബാക്കിയെല്ലാം അവർ മറക്കുമായിരിക്കും.

ചായയ്ക്ക് കൈ നീട്ടിയപ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
"തണ്ക്കണുണ്ട് അല്ലെ?"
ഇക്കയുടെ മുഖത്ത് ചെറുചിരി.
"ഉം.."  വെറുതെയൊന്നു മൂളി.
ശരിയാണു, മരവിച്ച മനസ്സിനേക്കാൾ തണുപ്പുണ്ട് ഡിസംബറിന്റെ പുലരിക്ക്.
ചായ ചുണ്ടോട് ചേർത്തു. ഒരു കവിൾ ചൂട് ആത്മാവിനെ പൊതിഞ്ഞു.

"ശബരി എഴുന്നേറ്റ് നിൽക്ക്"
ചന്ദ്രശേഖരൻ സാറിന്റെ ശബ്ദം ക്ലാസ്റൂമിനുള്ളിൽ മുഴങ്ങി.
"ഞാൻ ഇവിടെ പ്രസംഗിച്ചോണ്ടിരുന്നത് എന്തിനെക്കുറിച്ചാണെന്നു പറയ്"
ചുറ്റിനും പരിഹാസം സ്ഫുരിക്കുന്ന മുഖങ്ങൾ, ചെറുചിരികൾ. അവൾ മാത്രം , എഴുതിക്കൊണ്ടിരുന്ന നോട്ട് പകുതി ഉയർത്തി, അതിലേക്ക് ചൂണ്ടി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.

"അപ്പനും അമ്മയ്ക്കും ശല്യമാവാണ്ട് തനിക്ക് വല്ല കൂലിപ്പണിക്കും പൊയ്ക്കൂടേടോ?"
അതിന് അപ്പനും അമ്മയും ഉണ്ടെങ്കിലല്ലേ സാറെ. അറിയാതെ ചിരിവന്നു.
 എതിർവശത്ത് ദേഷ്യം ഇരട്ടിച്ചു.
" ഇറങ്ങിപ്പോടോ , ഇനി എന്റെ ക്ലാസിൽ താനുണ്ടാവരുത്"
നന്ദി. മുന്നിലിരുന്ന നൂറ് പേജ് നോട്ട് ചുരുട്ടി അരയിൽ തിരുകി, മുണ്ട് മടക്കിക്കുത്തി ക്ലാസ്സിൽനിന്നിറങ്ങി.

വരാന്തയിൽ ഭാഗ്യലഷ്മി ടീച്ചർ കാത്തു നിൽപ്പുണ്ടായിരുന്നു, അകത്തെ ബഹളം കേട്ടിട്ടുണ്ടാവണം.
'എന്തിനാ മോനെ ഇങ്ങനെ' ടീച്ചർ സംസാരിച്ച് തുടങ്ങിയപ്പോഴേയ്ക്കും ,'തള്ളെ ഉപദേശിക്കാൻ വരണ്ടെ'ന്ന് അട്ടഹസിക്കുകയായിരുന്നു. വേറെയും പലതും പുലമ്പി. ഉള്ളിലെ ലഹരിയായിരുന്നു സംസാരിച്ചത് മുഴുവൻ. ടീച്ചറുടെ കണ്ണിൽ നിന്നും ചോര പൊടിഞ്ഞു.


        പിറ്റേന്ന് ഉണർന്നപ്പോൾ പോയി മാപ്പ് പറയണമെന്നു തോന്നി. മക്കളില്ലാത്ത അവർക്ക് ഒരു മകനോടുള്ള വാത്സല്യമായിരുന്നു.
രണ്ട് ദിവസം ടീച്ചർ കോളേജിൽ വന്നില്ല. മൂന്നാം നാൾ വീട്ടിൽച്ചെന്നു കാണേണ്ടി വന്നു. നിലവിളക്കിന്റെ ചുവട്ടിൽ നിന്ന് ആ രൂപം മോനേന്നു വിളിക്കുന്നത് പോലെ തോന്നി.
അർഹത ഇല്ലാത്തവനാണ്.
ആരും സ്നേഹിക്കണ്ട.
 സഹതാപം കാട്ടുന്നവരോട് വെറുപ്പാണു.

"ഹല്ല , ചായെം കയ്യിൽ വച്ച് ഇതെന്ത് ഇരിപ്പാണെടൊ.
അത് തണുത്ത് പോവും"
ഓർമ്മകൾ ഉള്ളിലിരുന്നിപ്പൊഴും പൊള്ളുന്നുണ്ട്.
ചായ പെട്ടെന്നു കുടിച്ച് ഗ്ലാസ് തിരിച്ചേൽപ്പിച്ചു. ഏഴ് മണിക്ക് മുൻപ് ഗോഡൗണിൽ എത്തണം.ഉച്ച വരെ ജോലി കാണും , പിന്നെ സ്വതന്ത്രനാണു. ഈ ഓർമ്മകളുടെ കുപ്പായമഴിച്ച് നഗ്നനാവണം.

ബസ് ഓടിക്കൊണ്ടിരിക്കയാണ്. ഇനിയുമൊരരമണിക്കൂർ യാത്രയുണ്ട്  സേഠിന്റെ കടയിലേക്ക്. മുന്നിലെ സീറ്റിരിലിരിക്കുന്ന പെൺകുട്ടിയുടെ മുടിയിഴകളെ കാറ്റ് പറത്തി വിടുന്നുണ്ട്. അവ ഇടയ്ക്കിടെ മുഖത്ത് വന്ന് ഇക്കിളിയിട്ട് അലോസരപ്പെടുത്തുന്നു. അവൾ ഒന്നുമറിയാതെ നല്ല ഉറക്കത്തിലാണ്. പാവം ഉറങ്ങട്ടെ.

 "എന്തിനാ കാശ്?"
കാറ്റിൽ പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് അവൾ ചോദിച്ചു.
"ഊണ് കഴിച്ചിട്ടില്ല"
പാവം വിശ്വസിച്ചു. പറഞ്ഞത് സത്യമാണു, രണ്ട് ദിവസമായി അൽപ്പം ഭക്ഷണം ഉള്ളിൽച്ചെന്നിട്ട്. പക്ഷേ ഇപ്പൊൾ കാശ് ചോദിച്ചത് അതിനല്ല.

വൈകുന്നേരം കോളെജ്  ബസ് സ്റ്റോപ്പിനരികിലെ പീടികത്തിണ്ണയിൽ കുഴയുന്ന വാക്കുകളും, ചുണ്ടിലെരിയുന്ന സിഗരറ്റുമായി ഇരിക്കവെ, അവൾ അടുത്തേക്ക് വന്നു.
ആ കണ്ണുകളിൽ സങ്കടമായിരുന്നോ ദേഷ്യമായിരുന്നോ എന്ന് വേർതിരിക്കാൻ വയ്യ.

"നീ കുടിച്ചിട്ടുണ്ടൊ?"
" ഹ്മ്.. "
"ഇതിനാണോ എന്റെ കയ്യീന്ന് കാശ് വാങ്ങിയത്?"
"ഹ്മ്.."
അടുത്തനിമിഷത്തിൽ ചുണ്ടിലെ സിഗരറ്റ് തട്ടിയെടുത്ത് ദൂരേക്ക് കളഞ്ഞു.
പെണ്ണിന് ഇത്ര അഹങ്കാരമോ.. അവളുടെ കയ്യിലെ നോട്ട്പുസ്തകങ്ങൾ പിടിച്ചുവാങ്ങി റോഡിന്റെ ഒത്തനടുവിലേക്ക് എറിഞ്ഞു. എന്നിട്ടും ദേഷ്യം അടങ്ങിയിരുന്നില്ല.
നിറഞ്ഞ കണ്ണുകളോടെ ഒരു തവണ നോക്കിയിട്ട് , പുസ്തകങ്ങളെടുക്കാൻ അവൾ റോഡിന്റെ നടുവിലേയ്ക്കോടി.
ഏതോ വാഹനത്തിന്റെ ബ്രേയ്ക്കുരയുന്ന ശബ്ദം. ഒരു നിലവിളി തൊണ്ടയിൽക്കുരുങ്ങി. ചോരയിൽക്കുളിച്ച് അവൾ. അവസാനമായ് എന്റെ നേർക്ക് നീണ്ടകൈ.

ബസ് ബ്രേക്കിട്ടു. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരിക്കുന്നു.  പവം പെൺകുട്ടി , അവളിപ്പൊഴും ഉറങ്ങുകയാണ്.









8 comments:

  1. നല്ല കഥയാണ് രാഹുല്‍

    ReplyDelete
    Replies
    1. നന്ദി, എന്നു വരുനതിനും നല്ല അഭിപ്രായങ്ങൾക്കും

      Delete
  2. awesome....വളരെ നന്നായി

    ReplyDelete
  3. valare nannayittund !!!

    ReplyDelete
  4. 80ലെ എം മുകുന്ദൻ കോപ്പിപോലെ തോന്നുന്നു എങ്കിലു വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  5. good story ! ഒരു പുതിയ കഥബ്ലോഗ് തുടങ്ങി...വായിക്കുക....അനുഗ്രഹിക്കുക

    ReplyDelete