Jun 23, 2013

ഏഴുകാലി

                 തോർത്തുമെടുത്ത് കുളിമുറിയിലേക്ക് കാലെടുത്ത് വച്ചപ്പോഴാണു കണ്ടത് - ചുമരിലൊരു എട്ടുകാലി. ഞാൻ 'അമ്മേ...'ന്ന് നീട്ടി വിളിച്ച് പുറത്തേക്ക് ചാടി.
            ആകാശം പൊട്ടിവീഴുന്നത് കണ്ടത് പോലുള്ള വിളി കേട്ട് അമ്മ ഓടിയെത്തി.
"എന്താടാ..?"
"അത് നോക്കിയേ.." ഞാൻ കുളിമുറിയിലേക്ക് വിരൽ ചൂണ്ടി.
കുറഞ്ഞത് ഒരു നീർക്കോലിയെ എങ്കിലും പ്രതീക്ഷിച്ചാവണം അമ്മ അകത്തേക്ക് നോക്കിയത്, എന്റെ പട വിളിയുടെ രഹസ്യം മനസ്സിലായതും അമ്മ് ഒരു ലോഡ് പുച്ഛം ചടപടാന്ന്  വാരി വിതറി.
"പോത്ത് പോലെ വളർന്നല്ലോ, ന്നിട്ടും നിന്റെ പേടി മാറീലേ.. എന്നെക്കോണ്ട് വയ്യ അതിനെക്കൊല്ലാൻ, നീ വേണെങ്കി കുളിച്ചാ മതി"
                 തലയിൽ വെളിച്ചെണ്ണ കുറച്ചധികം ഇരിപ്പുണ്ട് , ഇല്ലെങ്കിൽ ഞാൻ കുളി വേണ്ടാന്നു വച്ചേനെ.

            അമ്മ കൊട്ടേഷൻ ഏറ്റെടുക്കാൻ വിസമ്മതിച്ച പരിതസ്ഥിതിയിൽ ഞാൻ സ്വയം പര്യാപ്തമാവാൻ തന്നെ തീരുമാനിച്ചു. പേടിച്ച് പേടിച്ച് എത്ര  നാൾ ഇങ്ങനെ ജീവിക്കും.. ഒന്നുകിൽ അവൻ അല്ലെങ്കിൽ ഞാൻ , ഒരാൾ മതി ഈ കുളിമുറിയിൽ. ഞാൻ ചൂലെടുത്ത് പോരാടാൻ ഉറപ്പിച്ചു.
                      തലയിൽ തോർത്ത് കെട്ടി വലത് കയ്യിൽ ചൂലുമായി ഞാൻ എട്ടുകാലിയെ ലക്ഷ്യമാക്കി നീങ്ങി, സുരക്ഷിതമായ ദൂരത്തിൽ നിലയുറപ്പിച്ചു.
സൂക്ഷിച്ച് നോക്കിയപ്പോഴാണു മനസ്സിലായത് - അതിനു ഏഴു കാലേയുള്ളൂ! അപ്പോ ശത്രു എട്ട്കാലിയല്ല, ഏഴ്കാലിയാണു. നന്നായി, വികലാംഗനായ ശത്രുവിനെ തോൽപ്പിക്കുന്നത് കൂടുതൽ എളുപ്പമായിരിക്കും.
                       ചൂൽ കൊണ്ട് ഒരു തവണ അടിക്കാനുള്ള അവസരമേ ഉള്ളൂ, അത് കഴിഞ്ഞാൽ ഞാൻ ഇറങ്ങിയോടും. വേറൊന്നും കൊണ്ടല്ല, അടി കൃത്യമായി കൊണ്ടില്ലെങ്കിൽ അത് താഴെ വീഴും , പിന്നെ ചിലപ്പോ എന്റെ നേരെയായിരിക്കും ഓടി വരുന്നത്. അതോർക്കുമ്പോ തന്നെ പേടികൊണ്ട് കയ്യിലെ രോമങ്ങൾ എഴുന്നു നിൽക്കുന്നു.
            'പടോ'...
ഞാൻ ഓടി.

           സമയം ഇത്തിരി കഴിഞ്ഞു. തിരിച്ച് ചെന്ന് ദൗത്യം വിജയകരമായിരുന്നോ എന്ന്  ഉറപ്പുവരുത്താൻ ഉള്ളിലെ ധൈര്യശാലി സമ്മതിക്കുന്നില്ല.ചേച്ചിയോട് ചെന്ന് നോക്കാൻ പറഞ്ഞു. ചത്തെന്ന് കേട്ടപ്പോ എന്നെക്കുറിച്ചോർത്ത് എനിക്ക് തന്നെ അഭിമാനം തോന്നി.
"വെൽഡൻ മൈ ബോയ്" ഞാൻ എന്റെ തന്നെ പുറത്ത് തട്ടി (കയ്യുളുക്കിയോന്നൊരു സംശയം)
       കുളിമുറിയുടെ തറയിൽ ഏഴുകാലും ചുരുട്ടി , ചതഞ്ഞ് കിടക്കുന്ന ഏഴ്കാലിയോട് 'തരത്തിൽ കളിക്കണം മോനേ..' ന്ന് പറഞ്ഞ് ശവത്തിൽ കുത്തി ഞാൻ കുളി തുടങ്ങി. (എന്റെ ജീവിതത്തിൽ ആദ്യമായാണു ഇത്ര ഇത്ര ഒറിജിനലാറ്റിയുള്ള ഒരു ശവത്തിൽക്കുത്ത് നടത്തുന്നത്).
                      കുളി കഴിഞ്ഞ് , ഒരു ചായയും കുടിച്ച് ഞാൻ സായാഹ്ന സവാരിക്കിറങ്ങി. നാരാണേട്ടന്റെ കടയിൽച്ചെന്ന് ഓസിൽ ഒരു ചായേം പഴം പൊരീം കൂടെ തട്ടി. രാത്രി എട്ട് മണിയായപ്പോ തിരിച്ച് വീട്ടിൽച്ചെന്നു കേറി, മീൻ പൊരിച്ചതും കൂട്ടി ചോറുണ്ടു. ഒൻപത് മണിയായപ്പോ നല്ല മഴ തുടങ്ങി. പന്ത്രണ്ട് വരെ ടിവിയും കണ്ടിരുന്ന്, നാളെ പതിനൊന്നിനു എഴുന്നേറ്റാൽ മതിയെന്നുറപ്പിച്ച് ഉറങ്ങാൻ കിടന്നു.
                        രണ്ട് മണിയായപ്പോ ഉറക്കം ഞെട്ടി, ഭയങ്കരദാഹം . ഈ മഴക്കാലത്തെന്താപ്പാ ഇങ്ങനെയൊരു ദാഹം-ന്ന് വിചാരിച്ച് ഞാൻ ലൈറ്റ് ഓണാക്കി.
             മുറിയുടെ ചുവരിലൊരു എട്ടുകാലി. അതിനും ഏഴ് കാലേ ഉള്ളൂ. അതെന്നെ തുറിച്ചു നോക്കുന്നതായിട്ട് എനിക്ക് തോന്നി.

8 comments:

  1. ങ്ഹേ.....ഏഴുകാലിപ്രേതമോ?

    ReplyDelete
  2. അതു പറ ഇന്നലെ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ഞാനും കണ്ടു നോക്കിയപ്പോൾ അതിനും 7 കാലെ ഉള്ളൂ .. രാഹുലെട്ടാ എനിക്കൊരു സംശയം .. ഈ 8 കാലികൾക്ക്‌ വല്ല ജനിതക വൈകല്ല്യമെങ്ങാൻ വന്നൊന്ന് ... :-)

    ReplyDelete
  3. ്‌ അജിത്‌, വറൈറ്റി പ്രേതം!!
    ്സുജേഷ്‌, എനിക്കു തോന്നുന്നത്‌ മൊബെയിൽ ടവറുകൾ കാരണമാണെന്നാ.. ;-)

    ReplyDelete
  4. puthiya species anu.

    ReplyDelete
  5. യുവറോണർ..കൊല്ലപ്പെട്ടയാൾ നിരായുധനും നിരപരാധിയും സർവോപരി വികലാംഗനുമായതിനാൽ സാമൂഹ്യ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന ഈ കൊലയാളിക്ക് തക്ക ശിക്ഷ നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു...:D

    ReplyDelete
  6. എട്ടുകാലിയെ ഇത്രയും സൂക്ഷ്മ നിരീക്ഷണം നടത്തിയിട്ടുളള സ്ഥിതിക്ക് എട്ടുകാലിക്കഥ ഒരു വെറും കെട്ടുകഥ....

    ReplyDelete