Aug 18, 2014

അകം പുറം

     ജയിൽ വാർഡൻ അമ്മയുടെ സ്നേഹത്തോടെയും അച്ഛന്റെ കാർക്കശ്യത്തോടെയും എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ജയിലിലെ ഏക അന്തേവാസി ഞാനായിരുന്നത് കൊണ്ടായിരിക്കാം
അങ്ങനെ. ഈ ഒരു സെല്ലിൽ ഞാൻ ഉണ്ടാവുക എന്നത്  തീർച്ചയായും ജയിലിന്റെയും ജയിൽ വാർഡന്റെയും നിലനിൽപ്പിന്റെ പ്രശ്നമാണു.
       മിക്ക സമയവും ഞാൻ അഴികൾക്ക് പുറം തിരിഞ്ഞ് തറയിൽ സിമന്റ് പൊളിഞ്ഞു തുടങ്ങിയ ചുമരിൽ നോക്കിയിരിക്കുന്നതിൽ വാർഡൻ വളരെയധികം സംതൃപ്തനായിരിക്കുന്നതായി തോന്നി. അങ്ങനെയുള്ളപ്പോൾ പതിവ് ഉപദേശങ്ങളുമായി അയാൾ ശല്യപ്പെടുത്തിയിരുന്നുമില്ല. അഴികൾക്കപ്പുറത്തെ വെയിലുള്ള കാഴ്ചകൾ എന്റെ മാനസികനില ഇനിയും തെറ്റിക്കുമെന്ന്  അയാൾ ഭയപ്പെടുന്നുണ്ട്. വലിയ  മൂക്കുള്ള കോമാളി, പല്ലിൽ വിടവുള്ള വൃദ്ധൻ ,ഒറ്റക്കണ്ണുള്ള തലയോട്ടി , പിന്നെ വല്ലപ്പോഴും കാണാറുള്ള ചിലരും - ഞാൻ ഒറ്റയ്ക്കായിരുന്നില്ല, ചുമരിലെ സുഹൃത്തുക്കളാണു ജീവിതം വിരസമാകാതെ സൂക്ഷിക്കുന്നത്.
     പക്ഷേ രാത്രിയും ഇരുളും തീർത്തും ഭീകരമാണു, ഉറക്കത്തെ എത്ര ഓടിച്ചു വിട്ടാലും ഒരൊറ്റയാന്റെ ശൗര്യത്തോടെ അവൻ പിന്നെയും തിരിച്ചു വരും,  പകയൊഴിയാതെ സ്വപ്നങ്ങളും കൂടെ കാണും. നേരിട്ട് കാണുമ്പോൾ പലവട്ടം ഞാനിക്കാര്യം പറഞ്ഞിട്ടുള്ളതാണു, സ്വപ്നങ്ങളെ തടയാൻ  തനിക്കാവില്ലെന്ന്  പറഞ്ഞ് ഒരു തുറിച്ച് നോട്ടത്തോടെ വാർഡൻ കടന്നു പോവും, അയാൾക്കതിനാഗ്രഹമുണ്ട്, അധികാരമിലാഞ്ഞിട്ടാണെന്നു എനിക്കും അറിയാം. ചില സ്വപ്നങ്ങൾ നാവിൽ മധുരമുള്ള വിഷം തേച്ച് നോക്കി നിൽക്കും, മരണത്തിന്റെ കയ്പ്പ് തികട്ടി വരുമ്പോഴേക്കും വാർഡൻ ഓടി വന്ന് തട്ടിയുണർത്തും, പിന്നെ ഉറങ്ങാനനുവദിക്കാതെ വല്ലതുമൊക്കെ സംസാരിച്ച് കൊണ്ടിരിക്കും.
      ചില വൈകുന്നേരങ്ങളിൽ സെല്ലിന്റെ വാതിൽ താനേ തുറക്കുകയും ആരോ എന്നെ പുറത്തേയ്ക്ക് വിളിച്ചുകൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്, വാർഡൻ ആ നേരങ്ങളിൽ ഉറക്കത്തിലായിരിക്കാമെന്ന് ഞാൻ  അനുമാനിക്കുന്നു, എന്തെന്നാൽ രാത്രികളിൽ പേടിപ്പെടുത്തിയ സ്വപ്നങ്ങൾ ഓമന മുഖങ്ങളുമായി കാത്തുനിൽക്കുന്നതും ഞാനൊരുപാട് നേരം അവയുമായി സംസാരിച്ചിരുന്നതും ഇന്ന് നേരത്തേ ഉറങ്ങണമെന്നും ഞാൻ പിന്നീട് വന്നു പറയുമ്പോൾ വാർഡന്റെ മുഖം വാടുന്നത് കണ്ടിട്ടുണ്ട്.
        ഈ ജയിൽ മുറിയുടെ താക്കോൽ വാർഡന്റെ കയ്യിൽലില്ലെന്നും വാതിൽ എല്ലാ നേരവും തുറന്നിരിക്കുകയാണെന്നും എനിക്കും വാർഡനും നന്നായി അറിയാം , എങ്കിലും ഞങ്ങൾ ഈ നാടകം തുടർന്നു പോരുകയാണു.

      മാസങ്ങൾക്ക് മുൻപ് , സ്ഥിരം യാത്രക്കിടയിൽ ,സെമിത്തേരിയുടെ അരികിലൂടെ കടന്നു പോകവേ ആരോ പേരു വിളീച്ച് കരയുന്നതായി തോന്നി. തിരക്കിനിടയിൽ അതവഗണിച്ച് നടന്നു നീങ്ങിയെങ്കിലും അതു പിന്നെയും ആവർത്തിക്കപ്പെട്ടു. ദിവസങ്ങൾ നീങ്ങവേ ആ കരച്ചിലിന്റെ ദൈന്യത ഏറി വന്നു.
       മറ്റൊന്നും കേൾക്കാൻ വയ്യ, ചെവിയിൽ അവയുടെ മുഴക്കം മാത്രം. തലവേദനയെന്നു കള്ളം പറഞ്ഞ് ഓഫീസിൽ നിന്നു നേരത്തെയിറങ്ങി. നഗരത്തിലെ തിരക്കിനിടയിലേക്ക് ഊളിയിട്ടു. ചലിക്കുന്ന ഒരായിരം പാവകളിൽ ഒരാൾ ഞാനായി. ഞാൻ നഗരത്തിലേക്കലിഞ്ഞു, നഗരം എന്നിലേക്കും. എല്ലാ മാലിന്യങ്ങളെയും സുഗന്ധങ്ങളെയും പേറിക്കൊണ്ട് ഞങ്ങൾ ഒഴുക്ക് തുടർന്നു.
  ലോഡ്ജ് മുറിയിലെത്തിയ ഉടനേ കിടക്കയിലേക്കു വീണു. ഒരു പാടു ദിവസത്തെ ഉറക്കം ബാക്കി കിടപ്പുണ്ട്.
     രാത്രിയിൽ പിന്നെയും ചെവിയിൽ ഏതൊക്കെയോ ഞരക്കങ്ങൾ, പഴുതാരകൾ തലച്ചോറിൽ. ഞെട്ടിയുണർന്നു. ഫാൻ കറങ്ങിക്കൊണ്ടിരിപ്പുണ്ട്. മുൻപ് എപ്പൊഴോ പകുതി എഴുതി വച്ച ഡയറി മേശപ്പുറത്ത് തുറന്നു കിടക്കുന്നു. അതിൽ ഒരു പേജ് നിറയെ ശവക്കല്ലറകൾ വരച്ചു ചേർത്തിട്ടുണ്ട്.
         ചിലപ്പോൾ തലച്ചോറിനേക്കാൾ ഹൃദയത്തിനറിയാമായിരിക്കണം വഴിയേതെന്ന്, നീണ്ട നടപ്പ് അവസാനിച്ചത് സെമിത്തേരിയുടെ മുന്നിലാണ്. നിഴലും നിലാവും ചേർന്ന് പറഞ്ഞറിയിക്കാനാവാത്ത വന്യമായ സൗന്ദര്യം പകർന്നു കൊടുക്കുന്നുണ്ട് സെമിത്തേരിക്ക്. നേർത്ത കുളിരുള്ള കാറ്റും, ശ്രുതിയിടുന്ന ചീവീടുകളും- ഈ രാത്രി അനന്തമായി നീളുമെങ്കിൽ…
        ജീവിതത്തിലെങ്ങും അറിഞ്ഞിട്ടില്ലാത്ത അഗാധമായ പ്രണയം എനിക്ക് തോന്നിപ്പോവുകയാണു- അർത്ഥഗർഭമായ മൗനം പേറുന്ന ഈ ശവപ്പറമ്പിനോട്. ഒരു പക്ഷേ വന്നെത്തിയതെന്തിനെന്ന് മറന്ന് നിത്യമായ മരണം വരിച്ച് ,  നിന്നോട് കൂടെ , എല്ലാ രാത്രികളിലും ഈ ആകാശപുതപ്പിന്റെ കീഴെ നക്ഷത്രങ്ങളെണ്ണിക്കൊണ്ട് അനന്തമായ കാലത്തോളം,  ചേർന്നുറങ്ങുവാൻ ഞാൻ തയ്യാറായേനെ. പക്ഷേ എനിക്കു മാത്രം കേൾക്കാവുന്ന ആ നിലവിളികൾക്ക് ഉത്തരം കൊടുത്തേ മതിയാവൂ.
   ഈ കല്ലറകളിൽ കിടക്കുന്നവരുടെയെല്ലാം അടക്കത്തിനു ഞാൻ സാക്ഷിയാണു, അല്ലെങ്കിൽ ഞാൻ മാത്രമാണു സാക്ഷി. ചിലരെ നന്നായി ഓർക്കുന്നു, ചിലരെ ദിവസങ്ങളോളം കണ്ട പരിചയമേ ഉള്ളൂ , മരണപ്പെട്ട ദിനം പോലും കല്ലറയ്ക്കു മീതെയില്ലാത്തവരുണ്ട്. ഇതിനിടയിലെവിടെയോ ജീവനോടെ മറയ്ക്കപ്പെട്ടിട്ടും മരണമേറ്റു വാങ്ങാൻ മടിച്ച, അല്ലെങ്കിൽ ഉയിർത്തെഴുന്നേറ്റ ആരോ സ്വാതന്ത്ര്യം കാത്ത് കിടക്കുന്നുണ്ട്.

          മൂന്നാം നാൾ അറസ്റ്റിനെത്തിയ പോലീസുകാരെ സംബന്ധിച്ചിടത്തോളം മുറിയിൽ കിടക്കുന്ന ശവശരീരം ആവശ്യത്തിനുള്ള തെളിവായിരുന്നു. കോടതിയിൽ ജഡ്ജിക്കു മുൻപിൽ, സെമിത്തേരിയിൽ അടക്കപ്പെട്ടത് മൃതദേഹമല്ലെന്നും , രണ്ട് നാളുകൾക്കിപ്പുറം പരേതൻ വീണ്ടും ആത്മഹത്യ ചെയ്യുകയായിരുന്നെവെന്നും  പറയണോ എന്നു ഞാൻ സംശയിച്ചു നിൽക്കവേ വിധിന്യായം വന്നു. 
          ഞാനോർക്കുന്നില്ല, ജയിൽ വാർഡൻ തന്നെയായിരുന്നോ അന്നത്തെ ജഡ്ജിയെന്ന്.



8 comments:

  1. ഏകാന്തത്തടവിലാണ് നാം ചിലപ്പോള്‍

    ReplyDelete
  2. എപ്പോഴും സ്വയം തീർക്കുന്ന തടങ്കലിലാണല്ലോ നമ്മളൊക്കെ

    ReplyDelete
  3. "ഇതിനിടയിലെവിടെയോ ജീവനോടെ മറയ്ക്കപ്പെട്ടിട്ടും മരണമേറ്റു വാങ്ങാൻ മടിച്ച, അല്ലെങ്കിൽ ഉയിർത്തെഴുന്നേറ്റ ആരോ സ്വാതന്ത്ര്യം കാത്ത് കിടക്കുന്നുണ്ട്."
    എഴുത്ത് ഇഷ്ടമായി.

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി. ഇനിയുമെഴുതാനുള്ള പ്രചോദനം..,

      Delete
  4. ആദ്യമായിട്ടാണിവിടെ. കൊള്ളാം. ഇനിയുമെഴുതൂ

    ReplyDelete
    Replies
    1. നന്ദി.
      വീണ്ടും വരിക

      Delete