Jun 24, 2012

തൂണിലും തുരുമ്പിലും പ്രേതമിരിക്കുന്നു..

കോളേജിൽ നിന്നും രണ്ടോ മൂന്നോ കിലൊമീറ്റർ ദൂരെ, പിന്നെ സംഭവം ഇത്തിരി പഴഞ്ചനുമാണ്, എന്നാലും ഹോസ്റ്റെൽ മുറിയിലെ മുഷിപ്പൻ ജീവിതത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തിലേക്ക് കുതിക്കാൻ വെമ്പി നിന്ന എട്ട് ജോടി ചിറകുകൾ വീടിനെപ്പറ്റി കേട്ടയുടനെ ഒരേ സ്വരത്തിൽ മൊഴിഞ്ഞു-
"പാക്കപ്പ്".
എണ്ണി നോക്കാൻ നിന്നില്ല,മൊത്തത്തിൽ എട്ടോ ഒമ്പതോ മുറികൾ കാണും.വീടിന്റെ ഭിത്തിയിൽ നിറയെ ആണിയടിച്ചുറപ്പിച്ചിരിക്കുന്ന ബ്ലാക്ക് & വൈറ്റ് ഫോട്ടോകൾ, വീടിനോട് ചേർന്ന് വലിയ പറമ്പ്,മുന്നിൽ വലിയൊരു ഇടവഴി, ഇഷ്ടം പോലെ ശുദ്ധവായു, തുഛ്ചമായ വാടക, ആനന്ദലബ്ധിക്കിനിയെന്ത് വേണം. പകൽ സമയമായാലും കറണ്ടില്ലെങ്കിൽ വീടിനുള്ളിൽ കൂറ്റാകൂരിരുട്ടായിരിക്കും. അതൊരു കണക്കിനു സൗകര്യമായി, പകലും രാത്രിയുടെ ഒരു എഫക്റ്റ് കിട്ടുമല്ലൊ, ഉറക്കത്തിന് ബെസ്റ്റാണ്.ഉള്ള നാലുപേരെക്കൂടാതെ, നാല് പേരെ മറ്റ് രണ്ട് ഹോസ്റ്റലുകളിൽ നിന്നായി വലിച്ചു. സ്പെയ്സ് വെർതെ വെയ്സ്റ്റ് ആക്കേണ്ടല്ലൊ. തേങ്ങാമുറി കണ്ട തൊരപ്പന്മാരെപ്പോലെ, ആദ്യം തന്നെ, ഓരോരുത്തരായി ഓരോ മുറി ബുക്ക് ചെയ്തു.

രാത്രിയായാൽ തട്ടിൻപുറത്ത് നിന്ന് ഇത്തിരി ബഹളമൊക്കെ കേൾക്കാം.പെരുച്ചാഴികളും മരപ്പട്ടികളും തമ്മിലുള്ള ഗുസ്തി മത്സരമാണ്. നല്ല ഒന്നാന്തരമൊരു കണ്ടൻ പൂച്ചയെ സംഘടിപ്പിച്ച് മച്ചിൻപുറത്തേക്ക് കയറ്റി വിട്ടു. രണ്ട് മിനിറ്റിനുള്ളിൽ ആ മാന്യദേഹം നാണലേശമന്യെ വാലും ചുരുട്ടി ഇറങ്ങിയോടുന്നത് കണ്ടു.മൂപ്പരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം ശമ്പളവർദ്ധനയുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നാണല്ലൊ. മരപ്പട്ടികളുടെയും പെരുച്ചാഴികളുടേയും യൂണിയൻ ഈ ഒരു കാര്യത്തിൽ യോജിച്ച് നീങ്ങിയിട്ടുണ്ടാവണം. ഈ കോലാഹലങ്ങൾ ആദ്യമൊക്കെ ശല്യമുണ്ടാക്കിയെങ്കിലും പിന്നെ ഞങ്ങളതിനോട് സമരസപ്പെട്ടു.അതിനാണല്ലൊ അഡാപ്റ്റേഷൻ എന്ന് പറയുന്നത്.പിന്നെ പിന്നെ ആ താരാട്ട് കേൾക്കാതെ ഉറക്കം വരില്ലെന്നായി!.

ഒരു ശനിയാഴ്ച രാവിലെ പതിനൊന്നിനു സൂര്യനുദിച്ചത് , രാത്രി വൈകുവോളം കാമുകീസല്ലാപം പരിപാടിയിൽ ഏർപ്പെട്ടിരുന്ന നിബു തോമസ് ചാക്കൊയുടെ വായിൽ നിന്നും പുറപ്പെട്ട, ഒരു ചൂടൻ വാർത്തയുമായിയായിരുന്നു.

"ഞാനിന്നലെ ഒരു ശബ്ദം കേട്ടു"

"കേൾക്കും, നിന്റെ പ്രായം അതാണല്ലൊ.."

"എടാ സീരിയസ്സായിട്ട്"

"സീരിയസ്സാണെങ്കിൽ ഹോസ്പിറ്റലിൽ പോടാ"

"ഇന്നലെ രാത്രി ഞാനൊരു ചിലങ്കേടെ ശബ്ദം കേട്ടു"

"എന്നിട്ട്?"

"ഞാൻ അപ്പൊ തന്നെ ചെവിയും പൊത്തി കെടന്നൊറങ്ങി"

ആരാണ് ആ പേരിട്ടതെന്ന് ഓർമ്മയില്ല, പിന്നെ ഒരാഴ്ചത്തേയ്ക്ക് പി.ടി.ചാക്കൊ എന്നായിരുന്നു കോളേജിൽ അവന്റെ വിളിപ്പേര്. പി.ടി. എന്നത് പേടിത്തൂറിയുടെ ചുരുക്കം ആണെന്ന് ചിലർക്ക് മാത്രം അറിയാം.

കൃത്യം ഒരാഴ്ചയ്ക്കിപ്പുറം , അർദ്ധരാത്രിനേരം മുറ്റത്ത് മൂത്രമൊഴിക്കാനിറങ്ങിയപ്പോൾ താനും ഒരു കിലുക്കം കേട്ടു , അത് അടുത്ത് വരുന്നതായി തോന്നിയെന്നുമുള്ള അവകാശവാദവുമായി മുന്നോട്ട് വന്ന ശരത്ത് ഞങ്ങളുടെ നെഞ്ചില് ഒരു പിടി കനല് വാരിയിട്ടു.പിന്നെ പലരും പലവട്ടം ഇതാവർത്തിച്ചു. ചിലങ്ക- മണികിലുക്കവും ,പാദസരത്തിന്റെ ശബ്ദവും ഒക്കെയായി അവരുടെ വിവരണങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

എരിതീയിലേക്ക് എണ്ണയെന്ന പോലെ അടുത്തുള്ള കവലയിലെ കടക്കാരനിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടി-
ഈ വീട്ടിൽ പത്ത്-മുപ്പത് വർഷമായി ആൾത്താമസമില്ല.താമസിച്ചിരുന്നവർ, കുടുംബത്തിലെ മൂന്ന് പേരുടെ ദുർമരണത്തോടുകൂടി, വീടുപേക്ഷിച്ച് ദൂരെയെങ്ങോട്ടോ പോയി.മരിച്ചവരിൽ പതിനെട്ട് തികയാത്ത ഒരു പെൺകൊച്ചും ഉണ്ടായിരുന്നു. കുടുംബത്തിലെ ഇളയ കാരണവർക്ക് വട്ടായിരുന്നത്രെ. ചങ്ങലക്കിട്ടിരുന്ന മൂപ്പർക്ക് ഭക്ഷണം കൊടുക്കാൻ ചെന്ന നേരത്ത് കഴുത്ത് ഞെരിച്ച് ആ പെൺകുട്ടിയെ കൊല്ലുകയായിരുന്നു. രണ്ട് ദിവന്മ് കഴിഞ്ഞ് വട്ടനും തല സ്വയം ഭിത്തിയിലിടിച്ച് മരിച്ചു.



അതോടുകൂടി മൊത്തത്തിൽ വലിയ മാറ്റം സംഭവിച്ചു- എല്ലാവരും രാത്രി എട്ടിനു മുൻപ് വീടണയും, പത്തിനു മുമ്പ് രാമനാമം ജപിച്ചും കുരിശ്ശ് വരച്ചും കിടന്നുറങ്ങും. വേറെ വേറെ മുറികളിൽ കിടന്നവർ തങ്ങളുടെ കട്ടിലും കിടക്കയുമായി ഒരൊറ്റ മുറിയിലേക്ക് താമസം മാറി.ശബ്ദങ്ങൾക്ക് പുറമെ വരാന്തയിലൂടെ 'ആരോ' നടക്കാനും ഇരുളിൽ നിഴലനക്കങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങി. ചുവരിലെ ഫോട്ടോയിലെ അമ്മാവൻ ഞങ്ങളെ നോക്കി കണ്ണുരുട്ടുന്നതായി ചിലപ്പോഴൊക്കെ തോന്നും.നാട്ടിൽ പോയി വന്നവന്റെയൊക്കെ കയ്യിലും കഴുത്തിലും ഉറുക്കും രുദ്രാക്ഷവും പ്രത്യക്ഷപ്പെട്ടു. പിന്നെ.. പലരും രാത്രികാലത്തെ മൂത്രമൊഴിപ്പ് ജനലിനുള്ളിലൂടെയാക്കി. സാഹചര്യം മനുഷ്യനെ മറ്റ് പലതുമാക്കുന്നു!
കൂടുതലൊന്നും പറയണ്ട , അങ്ങനെ ഒടുക്കം,ആൺപട, സമാധാനം നശിച്ച് ഉറക്കം നഷ്ടപ്പെട്ട് ,ആ സെമസ്റ്ററിലെ മുഴുവൻ പേപ്പറിനും സപ്ലിയേറ്റുവാങ്ങി.
ഇടയിൽ ഏതോ ഒരു ഡൂക്ക്ലി മന്ത്രവാദിയെ കൊണ്ട് വന്ന് ഹോമം നടത്തിച്ചു നോക്കി, കൊതുകുശല്യം കുറച്ച് കുറഞ്ഞതല്ലാതെ വേറെ ഫലമൊന്നും കണ്ടില്ല.ഈ വീടുപേക്ഷിച്ച് മറ്റൊന്ന് കണ്ടെത്താനോ അല്ലെങ്കിൽ പഴയ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോവാനോ ഉള്ള തീരുമാനം പലരും ശക്തമായി മുന്നോട്ട് വെച്ചതോടെ ധൈര്യവാനായ ഞാനും( എന്റെ എല്ലാ കഥയിലും ഞാനായിരിക്കണം നായകൻ എന്ന് എനിക്ക് നിർബന്ധമുണ്ട്. എന്റെ തല, എന്റെ ഫുൾഫിഗർ) രതീഷും രാത്രി നേരത്ത് ശബ്ദത്തിന്റെ ഉറവിടം തേടി കാവലിരിക്കാൻ തീരുമാനിച്ചു. മൂന്ന് ദിവസങ്ങൾ അങ്ങനെ കടന്നു പോയി. പ്രേതം ഞങ്ങളെപ്പേടിച്ച് കടന്നു കളഞ്ഞതായി ഞങ്ങൾ രണ്ടും വീമ്പ് പറഞ്ഞു.എന്നാൽ ആ ദിനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ..

ഏകദേശം ഒരാഴ്ച കഴിഞ്ഞു.പ്രേതത്തിന്റെ പൊടി പോലുമില്ല.ആ ഒരു ദിവസം കൂടി നോക്കിയിട്ട് ഈ കാവലിരിപ്പ് അവസാനിപ്പിക്കാൻ തീരുമാനിച്ചു. അന്നേ ദിവസം രാത്രി, സമയം ഒരു മണി കഴിഞ്ഞു.വിശേഷിച്ചൊന്നും സംഭവിച്ചില്ല. ഞാൻ എഴുന്നേറ്റ് , ഉറങ്ങാനുള്ള ഒരുക്കത്തോടെ വീടിനകത്തേയ്ക്ക് പോകാനൊരുങ്ങവേ, രതീഷ് വിറയാർന്ന ശബ്ദത്തിൽ എന്നെ വിളിച്ചു.

"ഡാ, നീ കേട്ടോ?"
ഞാൻ ചെവി കൂർപ്പിച്ചു. ഒരു ചങ്ങല കിലുക്കം, അത് അടുത്തടുത്ത് വരികയാണ്. ഹൃദയം പെരുമ്പറ കൊട്ടി.
ധൈര്യം ചോർന്നു പോയിത്തുടങ്ങി(വേറെ ഒന്നും ഉദ്ദശിക്കരുത്!).

"ഇതാ.."
രതീഷ് എന്തോ കയ്യിൽ വച്ചു നീട്ടി. ഞാൻ വാങ്ങി നോക്കി.
ഒരു 'മഞ്ഞ പോപ്പിൻസ്'!.

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.

"കഴിച്ചോ.. ഇനിയിപ്പം കഴിക്കാൻ പറ്റിയില്ലെങ്കിലോ.."

പെട്ടെന്ന് കറന്റ് പോയി. ഞങ്ങടെ പാതി ജീവനും.
ഇപ്പൊൾ ശബ്ദം വളരെ അടുത്ത് നിന്നു കേൾക്കാം. ഞങ്ങൾ രണ്ടും വീടിന്റെ തൂണിനു പിന്നിൽ ഒളിച്ചു. ദൂരെ ഇരുട്ടിൽ കറുത്തിരുണ്ട ഒരു ഭീമാകാര രൂപം നടന്നു വരുന്നതായിക്കാണാം. ആ വട്ടന്റെ ആത്മാവായിരിക്കണം. നാളെ രാവിലെ ബാക്കിയുള്ളവർ എഴുന്നേറ്റ് നോക്കുമ്പോൾ വീടിനു മുന്നിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ രണ്ട് ശവങ്ങളെക്കാണാം.ഇരുളിലേക്ക് വീണ്ടും ഉറ്റുനോക്കി.

രൂപം വീടിനു തൊട്ട് മുന്നിലെ ഇടവഴിയിലെത്തിയിരിക്കുന്നു.
പ്രേതം. മാങ്ങാത്തൊലി. കൂപ്പിൽ തടി പിടിക്കാൻ കൊണ്ട് പോയ ആനയാണു. പണിയുള്ള ദിവസം അത് തിരിച്ചു വരുന്നത് ഈ നേരത്താണു.
അകത്ത് ഉറങ്ങിക്കിടന്ന അവന്മാരെയൊക്കെ ചന്തിക്ക് നാല് പെടയും കൊടുത്ത് വിളിച്ചെഴുന്നേൽപ്പിച്ചു, സത്യം ചൂടൊടെ വിളമ്പി.

പ്രേതശല്യമൊഴിഞ്ഞെങ്കിലും , അടുത്ത സെമസ്റ്ററിലും സപ്ലിശല്യം അതുപോലെ ബാക്കി നിന്നു.










22 comments:

  1. ഹോ ഹോ ഹോ പല പ്രേതത്തെയും കണ്ടിട്ടുണ്ട്. ആനപ്രേതത്തിനെ ആദ്യമായിട്ടാണേയ്...

    ReplyDelete
  2. ആന പ്രേതം അടിപോളിയായി :)

    ReplyDelete
  3. ഇതു വളരെ രസകരമായി. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി, വീണ്ടും വരിക

      Delete
  4. ആനയ്ക് ഇതിലും വലുത് എന്തോ വരാനിരുന്നതാ,
    ഇങ്ങനെ അങ്ങ് പോയീന്നു വിചാരിച്ചാ മതി, പാവം ആന.
    ഹ ഹ ഹ, രാഹുല്‍ നന്നായിട്ടുണ്ട്..

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്...u r improving day by day, Rahu ......

    ReplyDelete
  6. അസ്സലായിട്ടുണ്ട് രാഹുല്‍

    ReplyDelete
  7. Awesome narration. Oru onnonnara sambhavamanu ketto

    ReplyDelete
  8. ക്ലൈമാക്‌സ് ശറേന്നായിപ്പോയി .ഏതായാലും അവിടെ താമസം തുടരേണ്ട.ആനപ്പാപ്പാൻ അവിടെ ഒരു ചിലങ്ക ശ്ബ്ദം കേട്ടതായി ഒരു കേൾവിയുണ്ട്.

    ReplyDelete